Sunday, August 26, 2012

വിശ്വാസം അതല്ലേ എല്ലാം

ഞാനും സഖാവും കൂടി
വേങ്ങാട് ഊര്‍പ്പള്ളി വഴി
ചെഗുവേര നഗറില്‍ എത്തിയപ്പോള്‍
മുത്തപ്പന്‍ കോവിലില്‍
നേര്‍ച്ച തോറ്റം
അവിടെ ഇറങ്ങി
കാണിക്കയിട്ട്
പ്രസാദം വാങ്ങി
സഖാവ്
ചുവന്ന പൂവ് ഒരെണ്ണം
ചെവിയില്‍ തിരുകി

തുടര്‍ന്നുള്ള യാത്രക്കായി
ഷെവര്‍ലേ കാറിന്‍റെ ഡോര്‍
ടപ്പേന്നടഞ്ഞു

Monday, August 20, 2012

അച്ചടക്കം



അച്ചടക്കമെന്നാല്‍
വര്‍ധിച്ച ശബ്ദത്തോടെ
പുറത്തേക് തള്ളി വരുന്ന
കീഴ്ശാസ്വങ്ങളെ
ഒരുതരം
വാക്വം ബലതന്ത്രം ഉപയോഗിച്ച്
ഉള്ളിലേക്ക് വലിച്ചു
അമര്‍ത്തി വയ്കുക
എന്നതാണെന്ന് അവര്‍ പണ്ട്
രാത്രി ക്ലാസുകളില്‍
പഠിപ്പിച്ചിട്ടുണ്ട്

ഉള്ളില്‍ നിന്ന് തികട്ടി വരുന്ന
വെടിചില്ലുകളെ
തോന്നലുകളുടെ ശവപറമ്പില്‍
സംസ്കരിചിട്ടൊണ്ട്

അച്ചടക്കമെന്നാല്‍
അടക്കമില്ലാത്ത
തെറിച്ച വാക്കുകളെ
വായില്‍ കടിച്ചമര്‍ത്തി
ചവച്ചു പതം വരുത്തി
ഒച്ചയില്ലാതെ വിഴുങ്ങണം

അള്‍സര്‍ ബാധിച്ച
ആമാശയത്തില്‍ കിടന്നു
അച്ചടക്കം പുളിച്ചു പൊങ്ങും

ഒരു കീഴ് ശാസ്വമായി
വെളിപ്പെടും

സഖാവേ
വിത്ത് എന്നാ അച്ചടക്കത്തെ
ലെംഘിച്ചപ്പോഴാണ് മരമുണ്ടായത്‌

Sunday, August 19, 2012

നാല് കവിതകള്‍

നാല് കവിതകള്‍
 
തത്ത
-----------
കൈ നോട്ടക്കാരന്‍റെ തത്ത
ഒരിക്കലും അതിന്‍റെ ഭാവിയിലേക്
പറന്നു പോകാത്തത് പോലെയാണ്
ചില ഫെമിനിസ്റ്റുകള്‍

മകളുടെ അഡ്മിഷന്‍റെ
കാര്യവുമായി ബെന്‍ധപെട്ട്
ചില മീറ്റിങ്ങുകളില്‍ നിന്ന്

പെട്ടന്ന് ഇറങ്ങി പൊയ്കളയും

ചിലപ്പോള്‍ അതെ സ്പീഡില്‍
കയറി വന്നു
കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച
കാവ്യ ഭാവനേ എന്ന് പാടിക്കളയും
************************************

കറുത്ത മഴവില്ലുകള്‍
--------------------------
ഒരു പക്ഷെ
ഏഴായിരം വര്‍ണങ്ങളില്‍
പുഞ്ചിരിക്കേണ്ടിയിരുന്ന
ഞങ്ങടെ മക്കളെയാണ് നിങ്ങള്‍
ഇരുട്ടിന്‍റെ അസ്ത്ര മൂര്‍ച്ച അളക്കാന്‍
കൊന്നു തിന്നത്
മൂവര്‍ണ കൊടി നല്‍കി
മൂഞ്ചിച്ചത്
**********************************
ആഗസ്റ്റ്‌ 15
--------------
പണ്ട് നമ്മള്‍
ഭാരതീയരുടെ
നെഞ്ചില്‍ ചവുട്ടിയ
അതെ ബൂട്ടുകള്‍
തൂക്കിലേറ്റിയ അതെ കൈയുകള്‍
ഒരു കസേരക്കാലിനെ നോക്കി
ചിട്ടയായി അടിവച്ചു നീങ്ങുകയാണ്

തോട്ടിപ്പണികാരനും
കൂലിപ്പണികാരനും
ഞങ്ങള്‍
നൂറ്റിപത്തുകോടി
നാല് നെല്മണികതിരിനെ
കുരലിലക്കാന്‍
അതിരാവിലെ
ഓട്ടം തുടങ്ങി
**********************
ബാല്യം
--------
മഴയില്‍ പനിച്ചുറങ്ങുമ്പോള്‍
മേല്കൂരയുടെ വിടവിലൂടെ
തുറന്ന വായിലേക് വീണ
ഒരു തുള്ളി വെള്ളം

ഒളിച്ചു കളിച്ചപ്പോള്‍
ചന്തിക്ക് കടിച്ച
ഒരു കട്ട്ഉറുമ്പിന്‍
നീറ്റല്‍

ഉപ്പു തൊട്ട ഒരു വാളന്‍ പുളി
നാല് പൊട്ടാസ്
ചാമ്പക്കാ കടലാസ്സു തോണി
ഓലക്കാല്‍ പമ്പരം

മുട്ടിലെ കരിയാത്ത മുറിവ്
ബട്ടണില്ലാത്ത നിക്കര്‍

ഞാനും ഒരിക്കല്‍  സംബന്നനായിരുന്നു
***************************************




Saturday, August 11, 2012

പ്രണയനോവ്‌

ആകാശത്ത്
കല്ല്‌ പെന്‍സില്‍ കൊണ്ട്
ഹൃദയം വരക്കണം


ഹൃദയത്തില്‍
കാര മുള്ളുകൊണ്ട്
മറവി കുറിക്കണം


സ്വന്തം കബന്ധത്തിനു ചുറ്റും
നിര്‍വികാരതയുടെ 
പേറ്റുനോവ്കാണണം


Sunday, June 3, 2012

തലമുടി




അഞ്ചാംക്ലാസില്‍ പഠിക്കുന്ന 
മൂത്തമകള്‍ എന്നോട് ചോദിച്ചു 
 പപ്പാ..തലമുടിക്ക് 
തമിഴില്‍ എന്താണ് പറയുന്നത് 

മുടി,പൂടൈ,തലൈപൂടൈ ,ഹെയര്‍ പൂടൈ 
ഇങ്ങനെ പലതും പറഞ്ഞു നോക്കിയിട്ടും 
അവള്‍ തൃപ്തയയില്ല 

ഒടുക്കം 
മയിര് എന്ന് പറയുന്നടം വരെ 
അവള്‍ കലംബികൊണ്ടേ ഇരുന്നു 

വിത്ത് എന്റെ ആണന്നു 
അവടമ്മ വക കിരീടവും 
ആ..............

'പക്ഷം '




ശവംതീനി ഉറുമ്പ്കള്‍ക്ക് 
ഗുണനപട്ടിക അറിയില്ല 
മുള്ളന്‍ പന്നികള്‍ 
പരസ്പരം മുള്ള്കൊള്ളാതെ
ഇണ ചേരുന്നത്പോലെ
ജനാധിപത്യം 
ചോദ്യം ചെയലുകളുടെ 
കഴുത്തറത്ത് നിങ്ങളെ 
രണ്ടു പോര് കോഴികളുടെ 
പക്ഷത്തു നിര്‍ത്തും 

കാലില്‍ മുളയാണി
തിരുകിയ പോര്കോഴി 
എതിരാളിയെ ചവിട്ടി മലര്‍ത്തി 
കാഴ്ചക്കാരന്റെ കണ്ണില്‍ കൊത്തും 
അപ്പോഴും ജനാധിപത്യത്തിന്റെ 
പുത്തന്‍ ഗില്ലറ്റിനുകള്‍ക്ക് 
മുറിച്ചു മാറ്റാന്‍ പാകത്തില്‍ 
നാം നമ്മുടെ തലകള്‍ 
ചീകി ഒതുക്കി  മിനുക്കി വെക്കും ...
ശവംതീനി ഉറുമ്പ്കള്‍ക്ക് 
ഗുണനപട്ടിക അറിയില്ല 



Saturday, June 2, 2012

വൈരുധ്യാല്മീക ഭൌതീക വാദം



എല്ലാ താത്വിക പ്രതിസന്ധികളിലും 
ആത്മീയതയിലേക് ഊളയിടുന്ന
ചില ബുദ്ധിജീവികള്‍ക്കൊപ്പം  
ഞാനല്പം കള്ളുകുടിക്കാന്‍ പോയ്‌ 
അവരില്‍ ഹൈലീ എസ്പീരിയന്സട്‌ ആയ 
പത്ര പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു 
 ഹൈലീ എക്സ്പ്ലോസ്സീവ് ആയ 
സാഹിത്യ വിമര്‍ശകര്‍ ഉണ്ടായിരുന്നു 
പു.ക.സ.ക്കാരുണ്ടായിരുന്നു 
തത്വ ജ്ഞാനികളും പുസ്തക പ്രസാധകരും 
നിയമന്ജരും അധ്യാപകരും ഉണ്ടായിരുന്നു 
ഇന്ത്യന്‍ ആല്മീയതയും മധ്യപാനവും തമ്മിലുള്ള 
അനിഷേധ്യ പ്രണയത്തെ കുറിച്ച് 
നാലുവരി പ്രാര്‍ത്ഥനയോടെയാണ് 
ഞങ്ങള്‍ ആദ്യത്തെ ചിയേര്‍സ് പറഞ്ഞത് 
മൂന്നാമത്തെ പെഗിനോപ്പം 
അജിനമട്ടോ ഇട്ടുവേവിച്ച 
പോത്തിറച്ചിയും ചവച്ചിറക്കി 
കേരളത്തിലെ കമ്മുണിസ്റ്റു പാര്‍ട്ടിയുടെ 
അപചയങ്ങളും 
ഓഷോയും ഒന്ജിയവും വരെ ചര്‍ച്ചചെയ്തു 
ഇടയ്ക്കു അപ്രതീക്ഷിതമായ ഇടവേളകളിലെല്ലാം
മേപ്പടി സഹകുടിയന്മാര്‍ 
പമ്പയില്‍ തീട്ടം വകഞ്ഞു മാറ്റി 
പുണ്യ സ്നാനം ചെയുന്നതുപോലെ 
ആല്‍മീയതയിലേക്ക് മുങ്ങാം കുഴിയിട്ടു
ഇ.എം എസിനെയും എ.കെ.ജി യെയും വരെ 
മൂക്കും വായും പൊത്തിപിടിച്ചു 
ആല്മീയതയിലേക്ക് ഞാനസ്നാനം ചെയ്ച്ചു
ഇടക്ക് വിഭലമായ പ്രതിഷേധത്തിന്റെ 
തുപ്പലു തെറിപ്പിച്ച എന്നോട് 
ഒന്ന് രണ്ടു കുക്കുടാനന്ദ സ്വാമികളുടെ 
പ്സ്തകം വായിച്ചു 
വിവരധോഷം മാറ്റാന്‍ 
ഉപദേശം നല്‍കി 
വൈരുധ്യധിഷ്ടിത ഭൌതീക വാദം 
ബൈബിളിനെകാള്‍ വലിയ 
ആള്മീയ ഗ്രന്ഥം ആണെന്നുവരെ 
ഒരു പു,ക.സ.ഭാരവാഹി തട്ടിവിട്ടു 
ഒടുക്കം രണ്ടും കല്പിച്ചു 
കമ്മ്യുണിസം തകര്‍ന്നാല്‍ 
നാസ്തികനായ ഞാന്‍ എന്ത് ചെയും 
എന്നചോദ്യം എന്റെ പിഴച്ച നാവില്‍ നിന്നും 
തെറിച്ചു പോയി 

അതോടെ ആ അത്മീയ കള്ളു കൂട്ടായ്മയില്‍ നിന്നും 
അവരെന്റെ പേരുവെട്ടി
അത് ശബ്ദ വോട്ടോടെ പാസ്സാകികൊണ്ട്
ഒരു പഴയ ഇടതു സാഹിത്യ നേതാവ് 
ഉറക്കെ കോട്ടുവായിട്ടു 
സദസ്സില്‍ ഉണ്ടായിരുന്ന 
ഖദര്‍ വാദി ബുത്തിജീവികള്‍ 
നവവധുവിനെപോലെ നമ്രശിരസ്കരായി 
കള്ളു മേശയുടെ കാലിന്‍ചുവട്ടില്‍ 
പെരുവിരല്‍ കൊണ്ട് നഖചിത്രമെഴുതി