Saturday, December 26, 2015

ശബ്ദം

നിശബ്ദത എന്ന
നിയമം കൊണ്ടവർ
നമ്മുടെ പാട്ടുക ളെ
വിലങ്ങണിയിക്കും

ശബ്ദം എന്ന
ലംഘനം കൊണ്ട്‌
നമുക്കൊരു
സംഘഗാനമാകണം.


കൈ മടക്കുകള്‍ മാത്രം തേച്ച പടുതിയില്‍
ഒരു യൂണിഫോം
----------------------

എല്ലാ പുലര്ച്ചയിലും
നീനാ ആന്‍ഡ്രൂസ്
ഞെട്ടി ഉണരുന്നത്
ഒരു ബസിന്റെ ഇരമ്പം
ഓര്‍ത്തിട്ടാണ്

രാത്രി വൈകി
ആന്‍ഡ്രൂസിച്ചായന്‍
സ്കൈപ്പു വഴിതന്ന ചുമ്പനം
മൂര്‍ദ്ധാവില്‍ വിങ്ങുന്നുണ്ട്

ശര വേഗത്തില്‍
അടുക്കളയില്‍ വഴങ്ങണം
പുതപ്പിനടിയില്‍ നിന്നും
പുറത്തേക്ക് നീണ്ട
കുഞ്ഞിക്കാലുകളില്‍
വട്ടമിടുന്നത്
ഈഡിസ്‌ കൊതുകാണോ ദൈവമേ.

സ്കൂള്‍ ബസ് എത്താറായി
എന്ന ഒറ്റ ഭീഷണിയില്‍
മക്കളുണരും
മെറിനാമിസ് പിച്ചി ഞെരുടിയ
യൂണിഫോം കൈകള്‍
തേച്ചു വെടിപ്പാക്കണം

ഇച്ചായന്‍ കുബ്ബൂസിനൊപ്പം കഴിച്ച
ഉള്ളിയുടെ നീരുവീണ്
നീനാ ആന്‍ഡ്രൂസിന്റെ
കണ്ണു നിറഞ്ഞു .

ഇരമ്പി നീങ്ങിയ
ബസിനുള്ളില്‍ നിന്നും
നൂറു കുഞ്ഞിക്കൈകള്‍
കണ്ണു തുടക്കാനെത്തുന്നു.


എതിര്‍ ദിശ
-------------
 
കണ്‍പോളയില്‍
ഒരു യുദ്ധത്തിന്‍റെ കനമുണ്ട്.
ഉണര്‍ന്നേ മതിയാകു.
എനിക്ക് മരിച്ചവന് വേണ്ടി മിണ്ടണം
എന്‍റെ ഭാഷ
അവരുടെ അച്ചുകള്‍ക്കൊത്തു വഴങ്ങുന്നില്ല.
എല്ലാ ഘടികാര സൂചികളും
അവരുടെ ദിക്കിലേക്ക് തിരിച്ചുവെച്ചാലും
ഞാന്‍ തെറ്റിയോടും.
എന്റെ വഴി എതിര്‍ ദിശയിലേക്കാണ്.

Friday, November 20, 2015

നീലകൊടുവേലി ============


മടന്ത തോരനും പുളിങ്കറിയും
അച്ഛന്‍റെ തെറിയും
കരിപ്പെട്ടി ചാരായം മണക്കുന്ന
...ചുവരുകളും
മുറ്റത്തെ ചെമ്പരത്തി ചോട്ടില്‍
വീണുടഞ്ഞ മണ്‍ചട്ടിയും
അമ്മ കരഞ്ഞ
പഴന്തുണി തലേണയും
ഒളിച്ചു വന്നു ഉണ്ണുന്ന
ചേട്ടനും സഖാക്കളും
പാവാട ചരട് മുറുക്കി
വിശപ്പിനെ കൊന്ന പെങ്ങളും
വറുതിയുടെ കടലില്‍
ഞാനിറക്കിയ കുശാഗ്രതയുടെ പെട്ടകത്തില്‍
സ്വര്‍ണ ചേനയും നീലകൊടുവേലിയും

Sunday, November 15, 2015

ലോകബാങ്കിനുള്ള ഒരു റിപ്പോർട്ട്‌

വിശപ്പുണ്ട്‌ വയറുന്തിയ
കുട്ടികളുടെ ഗ്രാമത്തിലാണു ഞങ്ങൾ
ഇത്തവണ പ്രകൃതിപഠന
ക്യാമ്പ്‌ നടത്തിയത്‌
ഓസ്സോൺ വിടവും മരങ്ങളും
എന്ന വിഷയത്തിൽ
മിത്രാ കുര്യൻ നടത്തിയ പ്രഭാഷണം
ആദിവാസ്സികൽക്ക്‌ നവ്യാനുഭവമായി
(അവർ വെൺ തേക്കിൻ കാടുകളിൽ അക്കേഷ്യാ തൈകൾ നടുന്നതിന്റെ ഫോട്ടോ ഇതോടൊപ്പം വയ്ക്കുന്നു)
എത്രതിന്നാലും വയർ നിറയാത്ത കുട്ടികൾ
വല്ലതും തിന്നാൻ കൊടുത്താൽ
നമ്മുടെ യൂക്കാലി മരങ്ങൾക്ക്‌
വെള്ളംകോരാമെന്ന് ഏറ്റിട്ടുണ്ട്‌
ആഗോള താപനം ആറ്റംബോംമ്പാണു
അതുകൊണ്ട്‌ ആദിവാസ്സികൾക്കിനി
സൗജന്യ റേഷനുപകരം
ഭാവിയിലെ മരവുരികൾക്കായി
മരവിത്തുകൾ നൽകുന്ന ഒരു പദ്ധതി
സംസ്ഥാന സർക്കാരുമായി
ഒപ്പ്‌ വെച്ചിട്ടുണ്ട്‌
തണുപ്പുകാലത്ത്‌ ആദിവാസ്സികൾ
മടിപിടിച്ച്‌ കൂരയിൽ ചൂരുണ്ടുകൂടുന്നത്‌
ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്‌
അതുകൊണ്ട്‌ ഗ്രാമത്തിൽ ഉണ്ടായിരുന്ന
ഏതാനം കമ്പിളിപുതപ്പുകൾ
ഞങ്ങൾ അടിച്ചുമാറ്റിയിട്ടുണ്ട്‌.
അവസാന ദിവസം
മരത്തണലിലെ ബിരിയാണി
ഡോക്യുമെന്ററിയും പ്രദർശ്ശിപ്പിച്ചു.

Tuesday, September 22, 2015

ആദാമിന്റെ വാരിയെല്ല്


എല്ലാം ഒണ്ടാക്കി കഴിഞ്ഞപ്പോഴാണു
എനിക്ക്‌ നിന്നെ ഒണ്ടാക്കണമെന്നു
തോന്നിയത്‌
അതൊരു വലിയ അബദ്ധമായി പോയെന്ന്
പല പ്പോഴും തോന്നിയിട്ടുമുണ്ട്‌
എന്നിട്ടും എതൊരു ദുർബല ഹൃദയ-
നെയും പോലെ ഞാൻ
മ റ്റൊരു വിഡ്ഡിത്തം ആവർത്തിച്ചു
നിന്റെ വാരി എല്ലു വലിച്ചൂരി
വയ്യാവേലി ഒണ്ടാക്കി

സാത്താൻ കൃത്യ സമയത്ത്‌
ഇട പെട്ടതുകൊണ്ട്‌
നാട്ടുകാരിപ്പോഴും
ഹവ്വടെ നെഞ്ചത്തുകേറി
നിരങ്ങുന്നു.
ഞാൻ ആദിയിൽ
വചനം ഒണ്ടാക്കി
പിന്നെ നിന്നെയൊക്കെ...
....................

Tuesday, July 14, 2015

തുണി


..........
അലക്കുകല്ലിൽ
തലതല്ലിപ്പിഞ്ചിപ്പോയതാണു
നീയൊരിക്കൽ വാരിപ്പുണർന്ന ഞാൻ
രാസലായനികളിൽ ശ്വാസം മുട്ടിയിട്ടും
നിന്റെ വിയർപ്പും ഗന്ധവും
വിട്ടുപോകാനാവുന്നില്ല
പഴന്തുണി കെട്ടിലിരുന്ന്
നിന്റെ കണ്ണീർ നനവുകൾ
ഒരാദ്യരാത്രിയുടെ ചിരി കേൾക്കുന്നുണ്ട്‌.

തടസ്സം ............


കവിതയിൽ
വേശ്യ എന്നെഴുതേണ്ടി വരുമ്പോഴൊക്കെ
ഒരു മുല്ലപ്പൂമാല മഴയിൽ കുതിർന്ന്
ദുർഗ്ഗന്ധം പരത്തും
തെരുവ്‌ എന്നെഴുതേണ്ടി വരുമ്പോഴൊക്കെ
ഒരു തേങ്ങൽ വ ന്നെന്റെ
കണ്ണിൽക്കുത്തും
കവിതയിൽ കാമുകി
എന്നെഴുതിയാൽ
ഒരു കരിവണ്ടുവ ന്നെന്റെ
വിളക്കു കെടുത്തും
രാഷ്ട്രം എന്നോ സ്വാതന്ത്ര്യം എന്നോ
എഴുതുമ്പോഴെല്ലാം കൈകളിൽ
ഒരുതരം വിറയൽ വരും
യുദ്ധം.കുഞ്ഞുങ്ങൾ.
പൂവ്‌.പ്രാവ്‌.സമാധാനം
എന്നൊക്കെ എഴുതാൻ തുടങ്ങിയാൽ
ചില ജാമ്യതീയരൂപങ്ങൾ വ ന്നെന്നേ
പേടിപ്പെടുത്തും
കവിതയിൽ
പൗരുഷം എന്നെഴുതുമ്പോഴൊക്കെ
ഉണരാത്ത ഒരു തേരട്ട
എന്റെ ഉള്ളിൽകിടന്ന് പുളയ്ക്കും

Thursday, May 14, 2015

രാഹത്‌

രാഹത്‌
..............
സ്റ്റേഡിയത്തിൽ
ഒരു പകിസ്താനി എന്റെ രാജ്യത്തെ
ക്രിക്കറ്റിൽ തോൽപിക്കുന്നു.
എന്റെയുള്ളിൽ
തോക്കുകൾ രൂപംകൊള്ളുന്നു.
നുസ്രത്‌ ഫ ത്തേഹ്‌ അലി ഖാൻ
ഉച്ചസ്തായിയിൽ നിലാവിനെ തൊടുന്നു
അതിർത്തികൾ മാഞ്ഞുപോകുന്നു.
തോക്കുകൾ തഡ്ജ്ജലം നദിയിലെ
പരൽമീനുകൾ കൊത്തിതിന്നുന്നു.
(രാഹത്‌ = സമാധാനം)