Saturday, April 23, 2016

നീലകൊടുവേലി


മടന്ത തോരനും പുളിങ്കറിയും
അച്ഛന്‍റെ തെറിയും
കരിപ്പെട്ടി ചാരായം മണക്കുന്ന
ചുവരുകളും
മുറ്റത്തെ ചെമ്പരത്തി ചോട്ടില്‍
വീണുടഞ്ഞ മണ്‍ചട്ടിയും
അമ്മ കരഞ്ഞ
പഴന്തുണി തലേണയും
ഒളിച്ചു വന്നു ഉണ്ണുന്ന
ചേട്ടനും സഖാക്കളും
പാവാട ചരട് മുറുക്കി
വിശപ്പിനെ കൊന്ന പെങ്ങളും
വറുതിയുടെ കടലില്‍
ഞാനിറക്കിയ കുശാഗ്രതയുടെ പെട്ടകത്തില്‍
സ്വര്‍ണ ചേനയും നീലകൊടുവേലിയും

Thursday, January 14, 2016

ബോധം


പിന്നീടൊരിക്കലും
ഗൗതമബുദ്ധൻ
ബോധിവൃക്ഷച്ചുവട്ടിലേക്ക്‌
തിരിച്ചുപൊയിട്ടില്ല.

കിട്ടിയ ബോധോദയം
നഷ്ട്ടപ്പെടുമന്നു കരുതിയോ
കിട്ടിയതിൽ കൂടുതൽ
കിട്ടുമെന്നു വിചരിച്ചോ
ബോധി മരം പിന്നെ
ബുദ്ധനെ കണ്ടില്ല.

ഗയയിൽനിന്നും
തെ ക്കോട്ടുപോകുന്ന
ഒറ്റയടിപ്പതയിലെവിട യോ
സിദ്ധാർദ്ദൻ എന്നുപേരുള്ള
ഒരു ഉടുപ്പു കിടപ്പുണ്ട്‌.