Tuesday, July 19, 2011

എന്‍റെ മഴ





ആ കോരിച്ചൊരിയുന്ന മഴയത്താണ്

അവര്‍ എന്‍റെ മുത്തച്ചനെ
മുന്നായ് മുറിച്ചു
ആവണിപ്പാടത്തെ ചിറ അടച്ചത്



പിന്നത്തെ മഴപ്പാച്ചിലില്‍
പെങ്ങള്‍ ഒരുത്തി കൈകുഞ്ഞുമായി പോയ്‌

പെരുമഴയത്ത്
കുട കടംതന്ന പള്ളികൂടം സര്‍
സ്ലേറ്റും പെന്‍സിലും എത്തിനോക്കാത്ത
ഇരുണ്ട മൂലയില്‍
എനിക്ക് മേലെ ഫണംവിടര്‍ത്തി



അസ്ത്രം പോലെ മഴ തറയ്ക്കുന്ന
ഓലപ്പാളികല്‍ക്കിടയിലൂടെയാണ്
ഞാന്‍ വാനനിരീക്ഷണം പഠിച്ചത്
മഴ ഒഴിയുമ്പോള്‍
ഓലപുരയുടെ തറയില്‍ആകെ
വെയില്‍ തൂണുകള്‍



കോരിച്ചൊരിയുന്ന കുടിലില്‍
മക്കളെ മാറ്റി കിടത്താന്‍ ഇടമില്ലാതെ
എന്‍റെ അമ്മ
പേമാരി പോലെ കരഞ്ഞു


വറുതികൊണ്ട് പൊറുതി മുട്ടി
അനിയന്‍ ചൂണ്ടയാല്‍
മഴ കൊയ്യാന്‍ പോയി
ഒരു വെള്ളിടി
അവനെ കണയോലയില്‍ പൊതിഞ്ഞു തെക്കൊട്ടെടുത്തു



രാമായണം കാണാതെ ചൊല്ലുന്ന മുത്തശ്ശി
കര്‍ക്കിടകത്തെ പ്രാകി
മഴവെള്ളം മാത്രം കുടിച്ചു
ഇഹലോകം വെടിഞ്ഞു



മുടിഞ്ഞുപോകും നിങ്ങടെ -
അരാഷ്ട്രീയ ബുദ്ധി ജീവികളുടെ
മഴ കൊയ്ത്തും മഴപ്പാട്ടും

ഇന്നും അറിയാമെനിക്കു
മഴപെയ്താല്‍
പട്ടിണി പെയ്യുന്ന കൂരകളെ
അരിക്കലത്തില്‍
വല നെയ്യുന്ന ചിലന്തിയെ

9 comments:

  1. മഴ....
    വിശക്കാത്ത വയറോടെ സുരക്ഷിതമായ ഒരിടത്തിരുന്ന് മഴയെപ്പറ്റി ആലോചിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്നവര്‍ നമ്മള്‍. അത് ഭീകരമാവുന്നത് ആര്‍ക്കാണെന്ന് ചിന്തിക്കാറില്ല.

    മനസ്സില്‍ തറച്ചു വരികള്‍.
    നല്ല ഷാര്‍പ്പ്‌ ആയി എഴുതി.
    മഴ - നഷ്ടങ്ങളുടെ കണക്കുപുസ്തകം.

    ReplyDelete
  2. ഗംഭീരമായി. അഭിവാദ്യങ്ങള്‍ .

    ReplyDelete
  3. വാക്കുകള്‍ കൊണ്ട് വരയ്ക്കാവുന്ന മാക്സിമം തീവ്രതയില്‍
    വരച്ച മഴച്ചിത്രം ...............
    മഴവെള്ളത്തില്‍ വരച്ച വരപോലെ പോലെ ചിലരില്‍ മഞ്ഞു പോയേക്കാം ............
    മനസ്സില്‍ ഒരു മുറിപ്പാട് ബാക്കി .......
    മുറിവുകള്‍ക്ക് നന്ദി പറയുന്നില്ല.

    ReplyDelete
  4. കവിത അസ്സലായി.ചോര്‍ന്നൊലിക്കാത്ത വീടും മൂന്നു നേരം ആഹാരവും ഉണ്ടെങ്കില്‍ മാത്രമേ മഴയുടെ കാല്‍പനിക ഭംഗിയൊക്കെ കാണാന്‍ കഴിയൂ എന്ന് പറഞ്ഞ എന്റെ സുഹൃത്തിനെ ഓര്‍മ്മ വന്നു..ശക്തമായ ഭാഷ..വളരെ നന്നായി ..

    ReplyDelete
  5. മഴക്കാലത്തിലെ നല്ല ഓര്‍മ്മകള്‍ മാത്രം പങ്കിടുന്നവരുടെ ഇടയില്‍ മഴയുടെനിഴലുകള്‍ പിന്തുടര്‍ന്നൊരു പോസ്റ്റ്. വരികളിലെ ഭാവതീവ്രത മനസ്സിലാഴത്തില്‍ പതിയുന്നു. ആശംസകള്‍!!

    ReplyDelete
  6. ഇത് സത്യം.... ബാക്കി പാട്ടെല്ലാം ഈ സത്യത്തെ കാണാതെ, അറിയാതെ, മറന്നിട്ട്, അല്ലെങ്കിൽ വലിച്ച് പുറത്തു കളഞ്ഞിട്ട്.....

    ReplyDelete
  7. ഈ കവിതയ്ക്ക് നന്മ സംസ്ഥാന സാഹിത്യ പുരസ്കാരം ലഭിച്ചു
    പ്രോല്‍സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി

    ReplyDelete
    Replies
    1. ചോർന്നൊലിക്കുന്ന ഒരു വീട്ടിൽ കിടക്കയൊക്കെ മടക്കി വെച്ച് നേരം വെളുപ്പിച്ച രാത്രികൾ ചിലത് ഓർമയിൽ നിറഞ്ഞു ഈ കവിത വായിചപ്പോൾ... കലാപകാരനായ കവിക്ക് ആശംസകൾ

      Delete