Sunday, September 30, 2012

ഒരു ദിവസം
*************
നാല്‍കവലയിലെ ടാര്‍ റോഡില്‍
കുമ്മായം കൊണ്ട് വരച്ചിട്ടിരുന്ന
ഓംകാരവും നക്ഷത്രവും
ഇരുട്ട് പരന്നപ്പോഴേക്കും
ശത്രുക്കളായി
കൊച്ചിയില്‍ നിന്നും
ആലപ്പുഴ വഴി വന്ന
കണ്ടയ്നെര്‍ ലോറികള്‍

ചോരക്കു മുകളിലൂടെ പാഞ്ഞു
നാട്ടു വഴികളിലേക് ഊളയിട്ടു

വെളുപ്പിനെ
പത്രകെട്ടുമായി വന്ന
വാസുവേട്ടന്‍റെ സൈകിള്‍
സ്വന്തം അനിന്തരവന്‍ സുരേഷിന്‍റെ
ഡെഡ് ബോഡിയില്‍ തട്ടി പഞ്ചര്‍ ആയി

വായനശാലയില്‍ പാര്‍ടി പത്രം കിട്ടാതെ
ഉത്തമനും കണാരനും രവിയും
മഴ പെയുന്ന വഴിയിലേക് ഇറങ്ങി നടന്നു ....
 
*******************************
 
പട്ട്
*****

മുറ്റത്തു ഉണങ്ങാന്‍ ഇട്ടിരുന്ന
മല്‍ മല്‍ കോണകം
പെരുമഴയത്ത് നനഞ്ഞഒലിച്ച്
വാതിലില്‍ മുട്ടി

തല തുവര്‍താതെ
തല ഉയര്‍ത്താതെ
അകത്തു കയറി
മദ്യപിച്ചു എത്തുന്ന
വിമുക്ത ഭടനെ പോലെ
ഭാര്യ കാണാതെ വീടിന്‍റെ
മൂലയ്ക്ക് പതുങ്ങി ഇരുന്നു

നാലാം ദിവസം
വീട് ഉപേക്ഷിച്ചു
കാശിക്കു പോയ കോണകം
ഇപ്പോള്‍
കട്ടപ്പനക്കടുത്തു
യോഗ ക്ലാസ് നടത്തുന്നു
ദിവ്യ ദര്‍ശനം നല്‍കുന്നു

സന്താന ലബ്ധിക്കും
ഉത്തേജനത്തിനും
പട്ടു കോണകം
മുഖ്യ വഴിപാടു
*******************
  
 
സ്ഥിതി
**********

കരിം ചൂരല്‍ മുള്ളുകൊണ്ട്
നാക്കിലെഴുതിയ മൂത്ത തെറികള്‍
കാച്ചി രാകി മൂര്‍ച്ച കൂട്ടി
അമ്പില്‍ കുത്തി അസ്ത്രമാക്കി
കണ്ണില്‍ എയ്യും ഞാന്‍

നിങ്ങള്‍ ഓര്‍ക്കുക നിങ്ങള്‍ എങ്ങനെ
വളഞ്ഞു പോയെന്നു
ഇങ്ങനെ മുടിഞ്ഞു പോയെന്നു
നാട്ടെല്ലോടിഞ്ഞു പോയെന്നു
********************
 
വാലുമാക്രികള്‍
****************
കടം വാ‍ങ്ങിയ
സൗഹൃദങ്ങള്‍ക്ക്
ഇപ്പോള്‍ തലയില്ല
കടം തന്നവര്‍ക്ക്
നൂറു തല

ഇപ്പോള്‍
നരകത്തിനു മുകളില്‍
നൂല്‍ പാലങ്ങളില്ല
ടോള്‍ അടച്ചു
രശീത്‌ വാങ്ങി
ഹൈ വേ വഴി പോകണം

നീല തിമിന്ഗലം
ചൂണ്ടയില്‍ കൊത്തുന്നില്ല
വലയില്‍ കുരുങ്ങാതെ
ഉടല്‍ ചുരുക്കി
നെത്തോലികള്‍
അമീബയായി

പാട്ട കാലാവധി കഴിഞ്ഞ ആകാശം
വാലുമാക്രികള്‍
മറിച്ചുവിറ്റു

1 comment:

  1. തീവ്രമാണല്ലോ വരികള്‍......

    ReplyDelete