Sunday, November 15, 2015

ലോകബാങ്കിനുള്ള ഒരു റിപ്പോർട്ട്‌

വിശപ്പുണ്ട്‌ വയറുന്തിയ
കുട്ടികളുടെ ഗ്രാമത്തിലാണു ഞങ്ങൾ
ഇത്തവണ പ്രകൃതിപഠന
ക്യാമ്പ്‌ നടത്തിയത്‌
ഓസ്സോൺ വിടവും മരങ്ങളും
എന്ന വിഷയത്തിൽ
മിത്രാ കുര്യൻ നടത്തിയ പ്രഭാഷണം
ആദിവാസ്സികൽക്ക്‌ നവ്യാനുഭവമായി
(അവർ വെൺ തേക്കിൻ കാടുകളിൽ അക്കേഷ്യാ തൈകൾ നടുന്നതിന്റെ ഫോട്ടോ ഇതോടൊപ്പം വയ്ക്കുന്നു)
എത്രതിന്നാലും വയർ നിറയാത്ത കുട്ടികൾ
വല്ലതും തിന്നാൻ കൊടുത്താൽ
നമ്മുടെ യൂക്കാലി മരങ്ങൾക്ക്‌
വെള്ളംകോരാമെന്ന് ഏറ്റിട്ടുണ്ട്‌
ആഗോള താപനം ആറ്റംബോംമ്പാണു
അതുകൊണ്ട്‌ ആദിവാസ്സികൾക്കിനി
സൗജന്യ റേഷനുപകരം
ഭാവിയിലെ മരവുരികൾക്കായി
മരവിത്തുകൾ നൽകുന്ന ഒരു പദ്ധതി
സംസ്ഥാന സർക്കാരുമായി
ഒപ്പ്‌ വെച്ചിട്ടുണ്ട്‌
തണുപ്പുകാലത്ത്‌ ആദിവാസ്സികൾ
മടിപിടിച്ച്‌ കൂരയിൽ ചൂരുണ്ടുകൂടുന്നത്‌
ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്‌
അതുകൊണ്ട്‌ ഗ്രാമത്തിൽ ഉണ്ടായിരുന്ന
ഏതാനം കമ്പിളിപുതപ്പുകൾ
ഞങ്ങൾ അടിച്ചുമാറ്റിയിട്ടുണ്ട്‌.
അവസാന ദിവസം
മരത്തണലിലെ ബിരിയാണി
ഡോക്യുമെന്ററിയും പ്രദർശ്ശിപ്പിച്ചു.

Tuesday, September 22, 2015

ആദാമിന്റെ വാരിയെല്ല്


എല്ലാം ഒണ്ടാക്കി കഴിഞ്ഞപ്പോഴാണു
എനിക്ക്‌ നിന്നെ ഒണ്ടാക്കണമെന്നു
തോന്നിയത്‌
അതൊരു വലിയ അബദ്ധമായി പോയെന്ന്
പല പ്പോഴും തോന്നിയിട്ടുമുണ്ട്‌
എന്നിട്ടും എതൊരു ദുർബല ഹൃദയ-
നെയും പോലെ ഞാൻ
മ റ്റൊരു വിഡ്ഡിത്തം ആവർത്തിച്ചു
നിന്റെ വാരി എല്ലു വലിച്ചൂരി
വയ്യാവേലി ഒണ്ടാക്കി

സാത്താൻ കൃത്യ സമയത്ത്‌
ഇട പെട്ടതുകൊണ്ട്‌
നാട്ടുകാരിപ്പോഴും
ഹവ്വടെ നെഞ്ചത്തുകേറി
നിരങ്ങുന്നു.
ഞാൻ ആദിയിൽ
വചനം ഒണ്ടാക്കി
പിന്നെ നിന്നെയൊക്കെ...
....................

Tuesday, July 14, 2015

തുണി


..........
അലക്കുകല്ലിൽ
തലതല്ലിപ്പിഞ്ചിപ്പോയതാണു
നീയൊരിക്കൽ വാരിപ്പുണർന്ന ഞാൻ
രാസലായനികളിൽ ശ്വാസം മുട്ടിയിട്ടും
നിന്റെ വിയർപ്പും ഗന്ധവും
വിട്ടുപോകാനാവുന്നില്ല
പഴന്തുണി കെട്ടിലിരുന്ന്
നിന്റെ കണ്ണീർ നനവുകൾ
ഒരാദ്യരാത്രിയുടെ ചിരി കേൾക്കുന്നുണ്ട്‌.

തടസ്സം ............


കവിതയിൽ
വേശ്യ എന്നെഴുതേണ്ടി വരുമ്പോഴൊക്കെ
ഒരു മുല്ലപ്പൂമാല മഴയിൽ കുതിർന്ന്
ദുർഗ്ഗന്ധം പരത്തും
തെരുവ്‌ എന്നെഴുതേണ്ടി വരുമ്പോഴൊക്കെ
ഒരു തേങ്ങൽ വ ന്നെന്റെ
കണ്ണിൽക്കുത്തും
കവിതയിൽ കാമുകി
എന്നെഴുതിയാൽ
ഒരു കരിവണ്ടുവ ന്നെന്റെ
വിളക്കു കെടുത്തും
രാഷ്ട്രം എന്നോ സ്വാതന്ത്ര്യം എന്നോ
എഴുതുമ്പോഴെല്ലാം കൈകളിൽ
ഒരുതരം വിറയൽ വരും
യുദ്ധം.കുഞ്ഞുങ്ങൾ.
പൂവ്‌.പ്രാവ്‌.സമാധാനം
എന്നൊക്കെ എഴുതാൻ തുടങ്ങിയാൽ
ചില ജാമ്യതീയരൂപങ്ങൾ വ ന്നെന്നേ
പേടിപ്പെടുത്തും
കവിതയിൽ
പൗരുഷം എന്നെഴുതുമ്പോഴൊക്കെ
ഉണരാത്ത ഒരു തേരട്ട
എന്റെ ഉള്ളിൽകിടന്ന് പുളയ്ക്കും

Thursday, May 14, 2015

രാഹത്‌

രാഹത്‌
..............
സ്റ്റേഡിയത്തിൽ
ഒരു പകിസ്താനി എന്റെ രാജ്യത്തെ
ക്രിക്കറ്റിൽ തോൽപിക്കുന്നു.
എന്റെയുള്ളിൽ
തോക്കുകൾ രൂപംകൊള്ളുന്നു.
നുസ്രത്‌ ഫ ത്തേഹ്‌ അലി ഖാൻ
ഉച്ചസ്തായിയിൽ നിലാവിനെ തൊടുന്നു
അതിർത്തികൾ മാഞ്ഞുപോകുന്നു.
തോക്കുകൾ തഡ്ജ്ജലം നദിയിലെ
പരൽമീനുകൾ കൊത്തിതിന്നുന്നു.
(രാഹത്‌ = സമാധാനം)

Tuesday, November 18, 2014

കണക്ക്

കണക്ക്
-----------

ഒന്നുമുതൽ പൂജ്യം വ രെയുള്ള ഗണിതംകൊണ്ട്‌ 
ഈ ദുനിയാവാകെ
കൂട്ടികിഴിക്കാമെന്നിരിക്കെ
കണക്കുപുസ്തകത്തിൽ
xഉംy ഉം കുറെ ആങ്ക്ലിക്കൻ ഇക്ക്വ്ഷനുകളും
കടന്നുകൂടിയ തോടെ -
ഞാൻ പടിപ്പുപേക്ഷിച്ചു.

===========================


സുഹൃത്തെ
തലമുറകളായി ഞങ്ങൾ
അടിമകളാണു
എന്റെ രാജ്യത്തിന്റെ
അഖണ്ഡതയും അഭിമാനവും 
കാത്തുസൂക്ഷിക്കുന്നതിനൊപ്പം
ഞങ്ങൾ ഞങ്ങളുടെ പാരമ്പര്യവും
കാത്തു സംരക്ഷിക്കും
മഹത്തായ അടിമവംശത്തിലെ
ക്ലാ ക്ലാ.. ക്ലി ക്ലി
വിഭാഗത്തിൽപെട്ട ഞങ്ങൾ
ഇപ്പോൾ സംഘടിത അടിമകളാണു.
അതുകൊണ്ടുതന്നയാണു
അസംഘടിതരായ ചില ഓൾഡ്‌ സ്ലേവുകൾ
വെയിലത്തു നിൽകുമ്പോൾ
ഞങ്ങൾ കാറിതുപ്പുന്നത്‌
എതുരാജവു ഭരിച്ചാലും
ഞങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയിൽ ഞാന്നു കിടക്കും
കാരണം
ഞങ്ങളിൽ ചിലർ
പഴയ ഉടമകളുടെ മക്കൾ ആണ ല്ലോ.
======================================

ഒരു ദിവസ്സം 
=========

ഒരു ദിവസ്സം
മരുഭൂമിയിൽ
പ്രണയം പേമാരിയായ്‌ പെയ്യും
ആ ദിവസ്സം
മോട്ടാർ ഷെല്ലുകൾ
തൊടുത്തവ നെ തേടി
മടങ്ങി പോകും.

കവിതകൾ ....കവിതകൾ ....കവിതകൾ ....

സഹയാത്രികൻ
------------------------
എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനും
നോർത്ത് റയിൽവേ സ്റ്റേഷനും തമ്മിൽ 
എപ്പോഴും മാറിപ്പോകുന്ന
ഒരു ചെങ്ങന്നൂർ കാരനായിരുന്നു
ഇക്കുറി എന്റെ സഹയാത്രികൻ
കോട്ടയം മുതൽ അയാൾ വല്ലാതെ
അസ്വസ്ഥനായിരുന്നു ഈ വണ്ടി
സൗത്തിലോ അതോ നോർത്തിലോ
ഒടുക്കം സൗത്തിലിറങ്ങി
നെടുമ്പാശ്ശേരിയിലേക്ക് വണ്ടിപിടിക്കുന്നതിനിടയിൽ
അയാൾ ഇത്രയും കൂടി പറഞ്ഞു
അടുത്ത തവണ അമേരിക്കയിൽ നിന്നും
ആകാശ മാർഗേണ ആറന്മുളയിൽ ഇറങ്ങി
ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്താറാട്ടിനു കൂടണം
ഞാൻ നെഞ്ചുരുകി പ്രാർഥിച്ചു
ഹെന്റെ ആറന്മുള ഭഗവാനെ
ചെങ്ങന്നൂർ ദേവിയെ തൃപ്പൂത്താക്കല്ലേ ....
---------------







സ്പീഡ് 



നൂറു മൈൽ സ്പീഡിൽ പയ്യൻ
ബൈക്കിൽ പാഞ്ഞപ്പോൾ. yo..yo
അതേ വേഗത്തിൽ
ആംബുലൻസിൽ ആശുപത്രിയിലേക്ക്കുതിച്ചപ്പോൾ അയ്യോ..അയ്യോ

============================================